Posted on: 17 Dec 2012
ബി. രാജേഷ്‌കുമാര്‍
കൊച്ചി: മലയാള സിനിമാ നിര്‍മാണ മേഖലയില്‍ വീണ്ടും ഭീഷണി സൃഷ്ടിച്ച് പുതിയ മലയാളസിനിമകളുടെ തീയേറ്റര്‍ പ്രിന്റ് സി. ഡി.കള്‍ കേരളത്തിലേക്കൊഴുകാന്‍ സാധ്യത. ബാംഗ്ലൂര്‍, ചെന്നൈ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ഒരിടവേളയ്ക്കു ശേഷം സിനിമാരംഗത്തിന് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇവിടത്തെ തീയേറ്ററുകളില്‍ നിന്ന് പകര്‍ത്തുന്ന സിനിമകളാണ് സി.ഡി.കളിലാക്കി വിപണിയിലെത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആന്റിപൈറസിസെല്‍ ഇത് സംബന്ധിച്ച് ഉടന്‍ അന്വേഷണം തുടങ്ങും.
പൈറസിസെല്‍ റെയ്ഡുകള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് തീയേറ്റര്‍ പ്രിന്റ്, വ്യാജ സി.ഡി. എന്നിവയുടെ വില്‍പ്പന കുറെ മാസങ്ങളായി ഏറെക്കുറെ നിലച്ചിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍, ചെന്നൈ എന്നിവടങ്ങളില്‍ നിന്നും ഏറ്റവും പുതിയ സിനിമകളുടെ തീയേറ്റര്‍ പ്രിന്റുകള്‍ കണ്ടെത്തിയതോടെയാണ് കേരളത്തിലേക്കും ഇവയുടെ ഒഴുക്കിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. മൈ ബോസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, റണ്‍ ബേബി റണ്‍, മിസ്റ്റര്‍ മരുമകന്‍ തുടങ്ങി ആറോളം പുതിയ സിനിമകളുടെ തീയേറ്റര്‍ പ്രിന്റുകളാണ് ലഭിച്ചിരിക്കുന്നത്. ഇവ വിശദമായി ചെന്നൈ, മുംബൈ എന്നിവടങ്ങളിലെ ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ബാംഗ്ലൂരിലെ രണ്ട് തീയേറ്ററുകളും ചെന്നൈയിലെ ഒരു തീയേറററും കേന്ദ്രീകരിച്ച് നടന്ന റെക്കോഡിങ്ങിനെ കുറിച്ച് വ്യക്തമായിരിക്കുന്നത്. കൂടുതല്‍ തീയേറററുകളില്‍ നിന്ന് സിനിമകള്‍ പകര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിനായി ചെന്നൈയ്ക്ക് ഒരു സംഘം ഉടന്‍ പുറപ്പെടും. തുടര്‍ന്ന് ബാംഗ്ലൂരിലേക്കും പോകുന്നുണ്ട്. റണ്‍ ബേബി റണ്ണിന്റെ സിഡി യുമായി കഴിഞ്ഞമാസം തിരുവനന്തപുരത്ത് ഒരാളെ പൈറസിസെല്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അന്ന് ഇതിന്റെ ഉറവിടം കണ്ടെത്താനായില്ല.
ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും പിടിച്ചെടുത്ത സിനിമകള്‍ തുടര്‍ച്ചയായി റെക്കോര്‍ഡ് ചെയ്ത് സി. ഡി.യില്‍ ആക്കിയതല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. ഒന്നിലേറെ ദിവസമെടുത്തോ ഒരു തീയേറ്ററില്‍ തന്നെ പല സംഘങ്ങളായി തിരിഞ്ഞോ സിനിമകള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കാമെന്നാണ് അനുമാനം. മുമ്പ് ബാംഗ്ലൂരിലെ ഒരു തീയേറ്റര്‍ കേന്ദ്രികരിച്ച് മലയാള സിനിമകള്‍ പകര്‍ത്തിയിരുന്നത് ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. അന്ന് പ്രത്യേക ഷോ നടത്തിയായിരുന്നു റെക്കോഡിങ്. എന്നാല്‍ ഈ രീതിയിലുള്ള റെക്കോഡിങ്ങ് അല്ല ഇത്തവണത്തേത്.
സിനിമയുടെ പകര്‍പ്പവകാശ ലംഘനത്തിനെതിരെയുള്ള ബോധവത്കരണത്തിനായി പ്രമുഖ സിനിമാതാരങ്ങള്‍ അഭിനയിക്കുന്ന മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ലഘുവീഡിയോകള്‍ തീയേറ്ററുകളില്‍ കാണിക്കാനായി പൈറസിസെല്‍ ആലോചിക്കുന്നു. സിനിമാ തീയേറ്ററുകളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി., ക്യാമറ ഡിറ്റക്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വെച്ച് മൊബൈലിലും ക്യാമറകളിലുമുള്ള റെക്കോര്‍ഡിങ് നിരീക്ഷിക്കണമെന്ന നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. തീയേറ്റര്‍ ജീവനക്കാരെയും നിരീക്ഷണവിധേയമാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഇവ ചലച്ചിത്ര മേഖലയിലെ സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ആന്റിപൈറസി സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
No comments:
Post a Comment