എന്‍.കെ. പ്രേമചന്ദ്രന്‍
കേരളത്തിന്റെ ഭൂമിശാസ്ത്രഘടനപോലും കൃഷിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇരുപ്പൂ നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമാണ് കേരളം. നെല്‍കൃഷിയില്‍നിന്ന് കേരളം ചുവട് മാറണമെന്ന വാദത്തിന് യാതൊരു യുക്തിയുമില്ല
മൂന്നാംലോക വികസ്വരരാഷ്ട്രങ്ങള്‍ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിച്ച് സ്വാശ്രയത്വത്തിലധിഷ്ഠിതമായ സാമ്പത്തിക-സാമൂഹിക വളര്‍ച്ച കൈവരിക്കുന്നതിനെ വികസിത മുതലാളിത്ത രാജ്യങ്ങള്‍ എക്കാലവും ഒളിഞ്ഞും തെളിഞ്ഞും എതിര്‍ത്തുപോന്നിട്ടുള്ളതാണ്. മേല്പറഞ്ഞ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അതിവികസിത രാഷ്ട്രമായ അമേരിക്ക പി.എല്‍.-480 (പബ്ലിക് ലോ) പ്രകാരം രൂപംകൊണ്ട കെയര്‍ (*എഞ') എന്ന സംഘടനവഴി ഇന്ത്യക്ക് സൗജന്യമായി ഗോതമ്പ് നല്‍കിവന്നത്. ബഹുഭൂരിപക്ഷം സ്‌കൂളുകളിലും ഉച്ചഭക്ഷണമായി നല്‍കിയിരുന്നത് ഇപ്രകാരം ലഭിച്ച ഗോതമ്പ് ഉപയോഗിച്ചാണ്. അമേരിക്കയില്‍ ആവശ്യത്തിലധികമായി ഉത്പാദിപ്പിക്കപ്പെട്ടിരുന്ന ഗോതമ്പ് സംരക്ഷിച്ച്‌സൂക്ഷിക്കാന്‍ നിവൃത്തിയില്ലാതെ ഇങ്ങോട്ട് അയയ്ക്കുകയായിരുന്നു. വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ അമേരിക്ക ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. ഭക്ഷ്യ സ്വയംപര്യാപ്തത, സാമ്പത്തിക സ്വാശ്രയത്വം എന്നിവ കൈവരിക്കാനുള്ള വികസ്വരരാജ്യങ്ങളുടെ നീക്കത്തെ നിരുത്സാഹപ്പെടുത്തുക, മൂന്നാംലോക രാജ്യങ്ങളിലെ വിശാലമായ ഉപഭോക്തൃ കമ്പോളത്തെ സ്വാധീനിക്കുക, ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം ലഭിക്കുക എന്ന വ്യക്തമായ രാഷ്ട്രീയ, സാമ്പത്തിക താത്പര്യത്തോടെയാണ് പി.എല്‍-480 പ്രകാരം സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിലൂടെയുള്ള സംരംഭത്തിന് അമേരിക്ക മുന്‍കൈ എടുത്തത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ആശ്രിതരാഷ്ട്രങ്ങളായി മറ്റുരാജ്യങ്ങളെ മാറ്റുക എന്ന സാമ്രാജ്യത്വ താത്പര്യവും ഇതിന്റെ പിന്നിലുണ്ടായിരുന്നു.
എന്നാല്‍, ദേശീയസ്വാതന്ത്ര്യം ലഭിച്ചശേഷം 1960-കളില്‍ ഇന്ത്യ ആരംഭിച്ച ഹരിതവിപ്ലവം 1977-ല്‍ ലക്ഷ്യം കാണുമ്പോള്‍ ലോകത്തിനുമുന്നില്‍ ഭാരതത്തിന്റെ യശസ്സ് പതിന്മടങ്ങ് വര്‍ധിച്ചു. ഭക്ഷ്യധാന്യ ഇറക്കുമതി നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാറിന്റെ പ്രഖ്യാപനം രാഷ്ട്രം അഭിമാനബോധത്തോടെ സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍സണും ഇന്ദിരാഗാന്ധിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്ന അനിഷ്ടമായ അനുഭവത്തെ വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് ഇന്ത്യ നടത്തിയ ആസൂത്രണവും കര്‍മപരിപാടിയും ആധുനിക ഭരണകര്‍ത്താക്കള്‍ക്ക് പാഠമാകേണ്ടതാണ്. അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയ ശ്രീമതി ഗാന്ധി ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന്റെ യോഗത്തില്‍ ആവശ്യപ്പെട്ടത്, ''ഇന്ത്യയുടെ എല്ലാ ആവശ്യവും കഴിഞ്ഞ് ഏറ്റവും കുറഞ്ഞത് 10 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം കരുതല്‍ ധാന്യശേഖരമായി എപ്പോഴും ഉണ്ടായിരിക്കണം'' എന്നാണ്. ഇന്ത്യയുടെ ശാസ്ത്രലോകവും കര്‍ഷകസമൂഹവും ആ വെല്ലുവിളി ഏറ്റെടുത്തു. സമ്പൂര്‍ണ രാഷ്ട്രീയസമവായം ഉരുത്തിരിഞ്ഞു. ഭക്ഷ്യ സബ്‌സിഡിയും രാസവള സബ്‌സിഡിയും ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസിന് (ഐ.എ.ആര്‍.എസ്.) രൂപംകൊടുത്തു. പ്രതിരോധമേഖലയെക്കാള്‍ കൃഷിക്ക് പ്രാധാന്യവും പരിഗണനയും നല്‍കി. രാജ്യം ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ചരിത്രലക്ഷ്യത്തിലെത്തി. അമേരിക്കയുടെ സൗജന്യ ധാന്യവിതരണമെന്ന പി.എല്‍-480 ആനുകൂല്യം വേണ്ടെന്ന് ആര്‍ജവത്തോടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച രാജ്യത്തിന്റെ, ആസൂത്രണകമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക്‌സിങ് അലുവാലിയ, നെല്‍ക്കൃഷി ഉപേക്ഷിക്കണമെന്ന് കേരളത്തോട് പറയുന്നതിന്റെ യുക്തിയില്ലായ്മ തികച്ചും വ്യക്തമാണ്. ഇതിനെക്കാള്‍ കേരളത്തെ ഞെട്ടിച്ചത് കേരള മുഖ്യമന്ത്രിയുടെ വാചാലമായ മൗനമായിരുന്നു. അലുവാലിയയുടെ പരാമര്‍ശത്തിന്റെ യുക്തിയെക്കുറിച്ച് പരിശോധിക്കാം. 1960-61 കാലയളവില്‍ 7.9 ലക്ഷം ഹെക്ടറില്‍ നെല്‍കൃഷിയും 10.68 ലക്ഷം ടണ്‍ നെല്ലുത്പാദനവും ഉണ്ടായിരുന്ന കേരളത്തില്‍ 2009-10 ആകുമ്പോള്‍ കേവലം 2.34 ലക്ഷം ഹെക്ടറില്‍ നെല്‍ക്കൃഷിയും 6.25 ലക്ഷം ടണ്‍ നെല്ലുത്പാദനവുമാണ് ഉണ്ടായിട്ടുള്ളത്. 2012 ആകുമ്പോള്‍ നിലവിലുള്ളതില്‍നിന്ന് ഗണ്യമായ കുറവ് അനുഭവപ്പെടുന്നു. എന്നാല്‍, കേരളത്തിന്റെ ശരാശരി പ്രതിവര്‍ഷ ആവശ്യം 35 മുതല്‍ 40 ലക്ഷം ടണ്‍ വരെയാണ്. അതായത്, സംസ്ഥാന ആവശ്യത്തിന്റെ അഞ്ചിലൊന്നുപോലും ഇവിടെ ഉത്പാദിപ്പിക്കുന്നില്ല. ഉത്പാദനവും ആവശ്യവും തമ്മിലുള്ള അന്തരം എങ്ങനെ പരിഹരിക്കും? അലുവാലിയയുടെ അഭിപ്രായത്തില്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കണം. 2010-ല്‍ ഗുരുതരമായ അരിക്ഷാമം നേരിട്ടപ്പോള്‍ ബംഗാള്‍, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കുമുന്നില്‍ഭിക്ഷാപാത്രവുമായി കേരളം യാചനാരൂപത്തില്‍ പോയത് മറക്കാറായിട്ടില്ല. മാത്രമല്ല, സ്റ്റാറ്റിയൂട്ടറി റേഷന്‍സമ്പ്രദായം നിലനില്‍ക്കുന്ന കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്രവിഹിതംപോലും നിഷേധിക്കപ്പെട്ടു. കേരളത്തിന്റെ പ്രതിനിധി കേന്ദ്രഭക്ഷ്യമന്ത്രിയായി കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടായിട്ടും കേരളത്തിന് അര്‍ഹതപ്പെട്ട പരിഗണന ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള നെല്ലുത്പാദനംകൂടി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ അവസ്ഥ എന്താകും?
ഭക്ഷ്യധാന്യം എന്നതിനപ്പുറത്ത് കേരളത്തിന്റെ ജൈവാവസ്ഥയും പരിസ്ഥിതിയും പരിരക്ഷിക്കുന്നതില്‍ പ്രധാനപങ്കാണ് നെല്‍വയലുകള്‍ വഹിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയും ജൈവവൈവിധ്യവും പ്രകൃതിഭംഗിയും കൂട്ടിയിണക്കി ദൈവത്തിന്റെ സ്വന്തം നാടായി കേരളത്തെ മാറ്റുന്നതില്‍ നെല്‍കൃഷിയിലധിഷ്ഠിതമായ ആവാസവ്യവസ്ഥ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. ആ സാമൂഹിക ജീവിതക്രമത്തെ അട്ടിമറിക്കാനുള്ള ഏതൊരുനീക്കവും നാടിന്റെ സാംസ്‌കാരികപൈതൃകം ഇല്ലാതാക്കുന്നതിന് തുല്യമാണ്. കമ്പോളലാഭംമാത്രം ലക്ഷ്യമിടുന്ന മൂലധനശക്തികള്‍ കാര്‍ഷികവൃത്തിയെ തിരസ്‌കരിച്ച് വാണിജ്യ-വ്യാപാര സംരംഭങ്ങള്‍ക്ക് അവസരമൊരുക്കണമെന്ന അവകാശവാദം ഉന്നയിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. പക്ഷേ, ആസൂത്രണക്കമ്മീഷനും സംസ്ഥാന മുഖ്യമന്ത്രിയും അതിനെ പിന്തുണയ്ക്കുമ്പോള്‍ ആശയക്കുഴപ്പത്തിലാകുന്നത് പാര്‍ശ്വവത്കരിക്കപ്പെടുന്നസാമാന്യജനങ്ങളാണ്.
നെല്‍വയലും പരിസ്ഥിതിയും
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനപോലും മുഖ്യകൃഷിയായ നെല്‍കൃഷിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. നെല്‍കൃഷിയെ അടിസ്ഥാനമാക്കി സംസ്ഥാനത്തിന്റെ ആവാസവ്യവസ്ഥയെ ആറായി തരംതിരിച്ചിട്ടുണ്ട്. ഇടഭൂമിയും മലയോരവും അടങ്ങുന്ന ആവാസവ്യവസ്ഥ, പാലക്കാട്-ചിറ്റൂര്‍ കാര്‍ഷിക ആവാസവ്യവസ്ഥ, കുട്ടനാടന്‍ കാര്‍ഷിക ആവാസവ്യവസ്ഥ, പൊക്കാളി കാര്‍ഷിക ആവാസവ്യവസ്ഥ, ഓണാട്ടുകര, ഹൈറേഞ്ച് കാര്‍ഷിക ആവാസവ്യവസ്ഥ എന്നിവയാണവ. നിയതവും ദേശീയ ശരാശരിയെക്കാള്‍ മെച്ചപ്പെട്ട മഴ ലഭിക്കുന്നതുമായ കേരളം ഇരുപ്പൂനെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. മാത്രവുമല്ല, കേരളത്തിന്റെ വ്യത്യസ്തമായ കാര്‍ഷിക കാലാവസ്ഥകളില്‍ പരമ്പരാഗതമായി ഉത്പാദിപ്പിക്കപ്പെടുന്ന വൈവിധ്യമാര്‍ന്ന ജനിതക സ്വഭാവമുള്ള നെല്ലിന്റെ സവിശേഷത ഏറെ ശ്രദ്ധേയമാണ്.
തദ്ദേശീയതലത്തില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ആയുര്‍വേദ ഔഷധങ്ങളിലും പ്രധാനപങ്ക് നെല്ലും അനുബന്ധ ഉത്പന്നങ്ങളും വഹിക്കുന്നുവെന്നത് വൈദ്യശാസ്ത്ര മേഖലയിലെ നേട്ടമാണ്. ആയുര്‍വേദ ഔഷധസിദ്ധിയുള്ള ഞവര, ചെന്നെല്ല്, കുഞ്ചിനെല്ല്, കറുത്ത ചെമ്പാവ് തുടങ്ങി വിവിധയിനം അരികള്‍ നിരവധി രോഗചികിത്സയ്ക്കുള്ള ഫലപ്രദമായ ഔഷധഗുണമുള്ളവയാണ്. ഭൂഗര്‍ഭ-ഉപരിതല ജലസംരക്ഷണ പ്രക്രിയയിലെ ഏറ്റവും പ്രധാനപങ്കാളി വിസ്തൃതമായ കേരളത്തിലെ നെല്‍വയലുകളാണ്. പാടശേഖരങ്ങളില്‍ കെട്ടിനില്ക്കുന്ന വെള്ളമാണ് ആറുകളിലും കുളങ്ങളിലും കിണറുകളിലും എത്തി അവയെ ജലസമ്പന്നമാക്കുന്നത്. സംസ്ഥാനത്തിന്റെ ജലലഭ്യത ഉറപ്പുവരുത്താന്‍ ഏറ്റവും കുറഞ്ഞത് അഞ്ചുലക്ഷം ഹെക്ടര്‍ പ്രദേശങ്ങളിലെങ്കിലും നെല്‍കൃഷി പരിപോഷിപ്പിക്കണം എന്ന് ശാസ്ത്രപഠനങ്ങള്‍ വെളിവാക്കുന്നു. നിലവിലുള്ള നെല്‍വയലുകള്‍കൂടി ഇല്ലാതാക്കി വ്യാപാര-വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മിച്ചാല്‍ കുടിവെള്ളത്തിന് വീണ്ടും വിദേശമൂലധനനിക്ഷേപത്തെ ആശ്രയിക്കേണ്ട ഗതികേട് ജലസമ്പന്നമായ കേരളത്തിനുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.അലുവാലിയ ഉപജ്ഞാതാവായി രൂപംകൊടുത്ത 12-ാം പഞ്ചവത്സരപദ്ധതിയില്‍ കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും പ്രഥമ പരിഗണനനല്കുമ്പോള്‍ നെല്‍കൃഷി ഉപേക്ഷിക്കണമെന്ന് ഒരു ജനതയെ ഉപദേശിക്കുന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണ്. ഇതിനെ ആസൂത്രണവൈദഗ്ധ്യമെന്നല്ല, മറിച്ച് ധനമൂലധന വിധേയത്വം എന്നുവേണം വിശേഷിപ്പിക്കാന്‍.